സംസ്ഥാനത്ത് സ്‌കൂൾ തുറക്കുക ജൂൺ മൂന്നിന്..മുന്നൊരുക്കം സമയബന്ധിതം ആക്കണമെന്ന് മുഖ്യമന്ത്രി…


വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും.

അതിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റപ്പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം.സ്‌കൂൾ പരിസരത്ത് ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം എന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു .

യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Previous Post Next Post