റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളില്‍ മഴ കഴിയും വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇത്തരം സ്ഥലങ്ങളിലെ റോഡുകളില്‍ മണ്ണിടിച്ചില്‍ സാധ്യതുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതു കണക്കിലെടുത്ത് എല്ലായിടത്തും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യാത്രകള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രദ്ധ പുലര്‍ത്തണം. രാത്രി സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമായ മേഖലകളില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വിവിധ വകുപ്പുകളെ കൂട്ടിചേര്‍ത്തുകൊണ്ട് ആരംഭിച്ചിട്ടുണ്ട്. എല്ലാവരും സര്‍ക്കാരും കാലാവസ്ഥ വിദഗ്ധരും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെയും നിയന്ത്രണങ്ങളെയും മാനിക്കണമെന്നും മന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു.