ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം സജീവമായാല്‍ ചെന്നെത്തുന്നതു പഴയ ബാര്‍ കോഴ ആരോപണത്തില്‍ തന്നെ !!





ഇത്തവണ ഡ്രൈഡേ ഒഴിവാക്കുന്നതിന്‌ ഒരു ബാര്‍ ഉടമ രണ്ടര ലക്ഷം രൂപ കോഴ നല്‍കണമെന്ന ശബ്‌ദരേഖയാണ്‌ പുറത്തു വന്നതെങ്കില്‍ യു.ഡി.എഫ്‌് ഭരണകാലത്ത്‌ ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്‌ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി 30 കോടി രൂപ ആവശ്യപ്പെട്ടുവെന്ന ശബ്‌ദരേഖയാണ്‌ പുറത്തുവന്നത്‌.
ബാര്‍ ഉടമയായ ബിജു രമേശാണ്‌ കെ.എം. മാണിക്ക്‌ 30 കോടി രൂപ കൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നു പറയുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്‌. കോഴ നല്‍കുന്നതിനെക്കുറിച്ചു ബാര്‍ സംഘടനാ നേതാവായ അനിമോന്‍ പറയുന്ന ശബ്‌ദരേഖയാണ്‌ ഇന്നലെ പുറത്തുവന്നത്‌. യു.ഡി.എഫ്‌. ഭരണകാലത്ത്‌ ബിജു രമേശ്‌ പുറത്തുവിട്ട ശബ്‌ദരേഖയിലുള്ളതും ഇതേ അനിമോന്‍ തന്നെ.

അഞ്ചു കോടി രൂപ പാലായിലെ കെ. എം.മാണിയുടെ വീട്ടിലെത്തി പെട്ടിയിലാക്കി നല്‍കിയെന്ന്‌ അനിമോന്‍ പറഞ്ഞതായാണ്‌ ശബ്‌ദരേഖയിലുള്ളത്‌്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ചൈന സുനില്‍ കെ.എം.മാണിക്ക്‌ നല്‍കാന്‍ അഞ്ചു കോടി രൂപ നല്‍കാമെന്ന്‌ പറഞ്ഞതായും ശബ്ദരേഖയിൽ ഉണ്ടായിരുന്നു.

2014 ഒക്‌ടോബര്‍ 31-നാണ്‌ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്ന്‌ മന്ത്രി കെ.എം.മാണി പണം വാങ്ങിയെന്ന ആരോപണം ബിജു രമേശ്‌ ഉന്നയിക്കുന്നത്‌. യു.ഡി.എഫ്‌. സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്നതായിരുന്നു ബാര്‍ കോഴ ആരോപണം. കെ.എം. മാണിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ്‌ അന്നു പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണി ഉന്നയിച്ചത്‌്. കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതു പോലും തടസപ്പെടുത്തി.
ശബ്‌ദരേഖയിലുളള ആരോപണങ്ങളെല്ലാം കെ.എം. മാണി നിഷേധിച്ചിരുന്നു. പിന്നീട്‌ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല.

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ്‌ ഇടതുപക്ഷത്തിന്റെ ഭാഗമായി മാറിയതോടെ ബാര്‍ കോഴ ആരോണം കെ.എം മാണിയെയും കേരള കോണ്‍ഗ്രസിനെയും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്‌ (എം)നേതൃത്വം രംഗത്ത്‌ വന്നിരുന്നു. ഇതിനിടെയാണ്‌ ഇടത്‌ സാര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ ബാര്‍ കോഴ ആരോപണം ഉയര്‍ന്നത്‌. അന്നത്തെ ശബ്‌ദരേഖയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്‌ പുതിയ ശബ്‌ദരേഖയിലുമുള്ളതെന്നതാണ്‌ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്‌. അന്വേഷണം നടന്നാലും പ്രത്യക്ഷത്തില്‍ സര്‍ക്കാരിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കില്ലെങ്കിലും പഴയ ബാര്‍ കോഴ വിവാദവും അന്വേഷണപരിധിയില്‍ വന്നാല്‍ എല്‍.ഡി.എഫ്‌. പ്രതിസന്ധിയിലാകും.

കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പും വീണ്ടും ബാര്‍ കോഴ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടും. ബാര്‍ നഷ്‌ടപ്പെട്ട ബാര്‍ ഉടമകളില്‍ ചിലര്‍ നത്തിയ ഗൂഢാലോചനയാണ്‌ സോളാര്‍ വിവാദമെന്ന്‌ പോലും അന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട്‌ തന്നെ അന്വേഷണം നടത്തിയാലും ആര്‍ക്കും പരുക്കേല്‍ക്കാതെ കെട്ടടങ്ങാനാണു സാധ്യത.

Previous Post Next Post