വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ബന്ധുക്കളായ അഞ്ചുപെണ്‍കുട്ടികളും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കരയ്ക്ക് ഇരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ഓടിക്കൂടിയത്.
കക്ക വാരാനായി കരയില്‍ നിന്ന് കുറച്ചു ദൂരം ഉള്ളിലേക്ക് നീങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴമുള്ള ഭാഗത്ത് ഇവര്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ നാട്ടുകാരാണ് നേഹ എന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഴുക്കില്‍പ്പെട്ട മറ്റു രണ്ടു പെണ്‍കുട്ടികളെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുത്തച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് കുട്ടികള്‍ വീട്ടില്‍ എത്തിയത്.