ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു




കൊച്ചി: ഗായകന്‍ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജയറാം നായകനായ 'കുടുംബശ്രീ ട്രാവല്‍സ്' സിനിമയിലെ 'തപ്പും തകിലടി' എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. ആലുവ അശോകപുരം സ്വദേശിയാണ്.

മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജയരാജ് കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന തിരുവനന്തപുരം ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെ സി ഡാനിയേല്‍ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങള്‍ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തിയ അല്ലു അര്‍ജുന്‍, വിജയ് തുടങ്ങിയവരുടേതടക്കം നൂറോളം ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചു. മ്യൂസിക് സ്റ്റാര്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സംഗീത കലാലയം സ്ഥാപിച്ചു. കൊച്ചിന്‍ മ്യൂസിക് സ്റ്റാര്‍സിന്റെ പേരില്‍ ഗാനമേള അവതരിപ്പിച്ചിരുന്നു. രാധാകൃഷ്ണ പണിക്കര്‍, നളിനി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ രശ്മി. മീനാക്ഷി ഏക മകളാണ്. കലാരംഗത്തെ ഒട്ടേറെ പേര്‍ ഹരിശ്രീ ജയരാജിന് ആദരാഞ്ജലികളര്‍പ്പിച്ചു.
Previous Post Next Post