മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്




തിരുവനന്തപുരം: മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചനകൾ പോലുമായിട്ടില്ലെന്നും അതിനു മുൻപേ ചിലർ പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അതീവ ഗൗരവതരമായി കാണുന്നുവെന്നും എക്സൈസ് മന്ത്രി എ.ബി. രാജേഷ്. ബാർ കോഴയുമായി ബന്ധപ്പെട്ട ശബ്ദ രേഖ പുറത്തു വന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മദ്യനയത്തിന്‍റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. മദ്യനയം സർക്കാരാണ് ആവിഷ്കരിക്കുന്നത്. അതിനായുള്ള ചർച്ചകൾ നടക്കുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിൽ പല തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്.
ആ വാർത്തകളുടെ ഉറവിടം അറിയില്ല. അതിന്‍റെ മറവിൽ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. സർക്കാർ ഒരു തരത്തിലും ഇത്തരത്തിലുള്ള നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണയായി ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ചർച്ചകൾ നടക്കാറുള്ളത്. എന്നാൽ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ചർച്ചകൾ ഇതു വരെ ആരംഭിച്ചിട്ടില്ല. ഐടി പാർക്കുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ മദ്യനയത്തിലുള്ളതാണ്. അതിന് നിയമസഭ കമ്മിറ്റിയുടെ അപ്രൂവൽ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Previous Post Next Post