യുഡിഎഫ് മാണിയെ ചതിച്ച് പുറത്താക്കി; കേരള കോൺഗ്രസ് (എം) അജയ്യ രാഷ്ട്രീയ ശക്തിയാകുന്നതിൽ വീക്ഷണത്തിന് ആശങ്ക; മറുപടിയുമായി പ്രതിച്ഛായ





തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന് മറുപടിയുമായി പ്രതിച്ഛായ. കേരള കോൺഗ്രസ് (എം) അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ ആശങ്കയിൽ നിന്നാണ് വീക്ഷണത്തിന്റെ ലേഖനം ജന്മം കൊണ്ടത് എന്ന് പാർട്ടി മുഖപത്രം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു വീക്ഷണത്തിൽ ലേഖനം അച്ചടിച്ചുവന്നത്.

വിഷ വീക്ഷണത്തിന്റെ പ്രചാരകർ എന്ന തലക്കെട്ടോട് കൂടിയായിരുന്നു പ്രതിച്ഛായയുടെ മറുപടി. കേരള കോൺഗ്രസിന്റെ വിശ്വാസീയത തകർക്കാനുള്ള ശ്രമമാണ് വീക്ഷണം നടത്തിയത് എന്ന് പ്രതിച്ഛായയുടെ ലേഖനത്തിൽ പറയുന്നു. വീക്ഷണം പത്രത്തിനും അതിന് പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും ചരിത്രത്തെക്കുറിച്ച് ബോധവും ബോദ്ധ്യവും വേണം. കോൺഗ്രസ് വലിയ അനീതിയാണ് മാണി സാറിനോട് ചെയ്തത് എന്നും പ്രതിച്ഛായ കുറ്റപ്പെടുത്തി.

യുഡിഎഫ് മാണിയെ ചതിച്ചു പുറത്താക്കുകയായിരുന്നു. യുഡിഎഫിന്റെ ചതിയെക്കുറിച്ച് മാണി അദ്ദേഹത്തിന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. മുങ്ങുന്ന കപ്പലിൽ നിന്നും ലൈഫ് ബോട്ടിനായി കാത്ത് നിൽക്കുന്ന കപ്പൽ ജീവനക്കാരെ പോലെയാണ് വീക്ഷണം എന്നും പ്രതിച്ഛായ പരിഹസിക്കുന്നുണ്ട്.

കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്നായിരുന്നു വീക്ഷണം ആവശ്യപ്പെട്ടത്. നിലവിൽ ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റാൻ സിപിഎമ്മിന് കഴിയില്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു.


Previous Post Next Post