ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍




ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ദുബായില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശിവകുമാറില്‍ നിന്ന് സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ ആരാഞ്ഞു. എന്നാല്‍ തൃപ്തികരമായ ഉത്തരമോ ആവശ്യമായ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് പറയുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂ‍ര്‍ നിലവില്‍ തിരുവനന്തപുരം സിറ്റിങ് എംപിയാണ്.

അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ എംപി 

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശി തരൂര്‍ എംപി. 72കാരനും വൃക്കരോഗിയുമായ ശിവകുമാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയിലുണ്ടായിരുന്നതായും ശശി തരൂര്‍ എക്‌സില്‍ പ്രതികരിച്ചു.

വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്നും 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

Previous Post Next Post