പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്.
പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍.