കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും


ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ പ്രശസ്ത കോമേഡിയന്‍ ശ്യാം രംഗീല പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. സ്വതന്ത്രനായിട്ടാകും മത്സരിക്കുകയെന്ന് എക്‌സില്‍ താരം കുറിച്ചു. ഈ ആഴ്ച തന്നെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ശ്യാം രംഗീല അറിയിച്ചു.

ആരൊക്കെ എപ്പോള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് നിശ്ചയമില്ലാത്ത കാലത്താണ് നാം. അതിനാലാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. സൂറത്തിലും ഇന്‍ഡോറിലും നിന്ന് വ്യത്യസ്തമായി തന്റെ സ്ഥാനാര്‍ത്ഥിത്വം വാരാണസിയിലെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ഒരു ഓപ്ഷന്‍ നല്‍കുമെന്നും ശ്യാം രംഗീല അഭിപ്രായപ്പെട്ടു.

2014ല്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന നിരവധി വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജരിവാളിനുമെതിരെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറിയെന്ന് ശ്യാം രംഗീല അഭിപ്രായപ്പെട്ടു.

2022 ല്‍ ശ്യാം രംഗീല ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എന്നാൽ വാരാണസിയില്‍ സ്വതന്ത്രനായിട്ടാകും മത്സരിക്കുകയെന്നാണ് താരം അറിയിച്ചിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ വോട്ടെടുപ്പ്. പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.
Previous Post Next Post