പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു




കാസർകോട് : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. കുടക് സ്വദേശിയായ യുവാവാണ് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നേരത്തെയും സമാനകുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ അനുകൂലമല്ലാത്തതിനാല്‍ യുവാവിനെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

നോര്‍ത്ത് ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തില്‍ 26 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വന്നത്. എന്നാല്‍ പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്‌ക്വാഡ് ആക്കി മാറ്റി. സിസിടിവ് ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.
Previous Post Next Post