കോഴഞ്ചേരി: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) ആണ് മരിച്ചത്.
ഇവരെ മർദ്ദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി എന്ന് വിളിക്കുന്ന സജിയെ ആറന്മുള പാെലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കൊട്ടാരക്കര സബ് ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്.
ഒരു മാസം മുൻപാണ് പത്തനംതിട്ടയിലെ പെട്രോൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ച ശേഷം ഭാര്യ സുജയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും, പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ സ്ഥിതി വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു.