വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി വൈകീട്ട് ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം





തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടും. വൈകീട്ട് ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കളുടെ സഹകരണത്തോടെ സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തു. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കമാണ് പരിഗണനയിലുള്ളത്.

Previous Post Next Post