കണ്ണൂരിൽ തിളച്ച പാൽ നൽകി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ അംഗനവാടി അദ്ധ്യാപികക്കും ഹെൽപ്പർക്കും സസ്‌പെൻഷൻ. അംഗൻവാടി അദ്ധ്യാപിക വി രജിത, ഹെൽപ്പർ വി ഷീബ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നും പൊള്ളലേറ്റിട്ടിട്ടും മേലധികാരികളെ അറിയിക്കാത്തത് പിഴവാണെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഈ മാസം ഏഴാം തിയതിയാണ് കുട്ടിക്ക് പൊള്ളലേറ്റത്.സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ അംഗൻവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. മകന്റെ കീഴ്‌ത്താടിയിൽ തൊലി പോകുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ അംഗൻവാടി ജീവനക്കാർ വിളിച്ചു പറയുകയായിരുന്നു. കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു.തിളച്ച പാൽ കൊടുത്ത ശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോൾ തൊലി മുഴുവൻ ഇളകി വന്നു. ആശുപത്രിയിൽ കൊണ്ടുപോകാനും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലായിരുന്ന കുട്ടി ദിവസങ്ങൾക്ക് മുൻപാണ് ഡിസ് ചാർജായത്.