ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനത്തിൽ തീപിടിത്തം


ജക്കാർത്ത: ഹജ്ജ് തീർഥാടകരുൾപ്പെടെ 468 യാത്രക്കാരുമായി പുറപ്പെട്ട യാത്രാവിമാനത്തിൽ തീപിടിത്തം. ഇന്തോനേഷ്യയുടെ ദേശീയ എയർലൈൻസായ ഗരുഡ ഇന്തോനേഷ്യയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്തോനേഷ്യൻ നഗരമായ മകാസറിൽ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എൻജിനിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

ഗരുഡ ഇന്തോനേഷ്യയുടെ ബോയിംഗ് 747-400 വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായതായും ഹജ്ജ് തീർത്ഥാടകരുൾപ്പെടെയുള്ള 450 യാത്രക്കാരെയും 18 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ഗരുഡ ഇന്തോനേഷ്യ അറിയിച്ചു. ഗരുഡ പ്രസിഡൻറ്-ഡയറക്ടർ ഇർഫാൻ സെതിയപുത്രയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കിയശേഷം അതേദിവസം തന്നെ പകരം മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ കണക്കനുസരിച്ച് 1945 മുതൽ ഇന്തോനേഷ്യയിൽ 106 സിവിലിയൻ എയർലൈൻ അപകടങ്ങളിൽ നിന്നായി 2,305 പേരാണ് മരിച്ചത്. 2021-ൽ ഇന്തോനേഷ്യയിലെ സോകർണോ-ഹട്ട വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശ്രീവിജയ എയർ വിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 62 പേർ കൊല്ലപ്പെട്ടിരുന്നു. 
Previous Post Next Post