കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം


ശാസ്താംകോട്ട. കല്ലടയാറ്റിൽ അബദ്ധത്തിൽ വീണതിനെ തുടർന്ന്
കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം.ഏനാത്ത് താഴത്തുകുളക്കട മനോജ് ഭവനത്തിൽ ശ്യാമളയമ്മയാണ്(61) വീടിനു സമീപം വച്ച് കല്ലടയാറ്റിൽ വീണത്.ഞാങ്കടവ് പാലം – കുന്നത്തൂർ പാലം വഴി കിലോ മീറ്ററുകളോളം ഒഴുകിപ്പോയ ശ്യാമളയമ്മ
ചെറുപൊയ്ക മണമ്പേൽ കടവിന് സമീപം വച്ച് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.നാട്ടുകാരാണ് പുത്തൂർ പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന്
ശാസ്താംകോട്ട ഫയർഫോഴ്സിൽ പുത്തൂർ പൊലീസ് വിവരം കൈമാറി.


ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ വീട്ടമ്മയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ശക്തമായ മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.അടിയൊഴുക്കും ശക്തമാണ്.അപകട സാധ്യതയും ആഴവും കൂടിയ സ്ഥിരം ആത്മഹത്യാമുനമ്പായ കുന്നത്തൂർ പാലത്തിനു സമീപത്തുകൂടി ഒഴുകിപ്പോയ ശ്യാമളയമ്മ തിരികെ ജീവിതത്തിലേക്ക് എത്തിയെന്ന വാർത്ത അമ്പരപ്പും അതിശയവുമാണ് നാട്ടുകാർക്കിടയിൽ സൃഷ്ടിച്ചത്.
Previous Post Next Post