കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍




തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിലായി. ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഗൂഢാലോചന നടത്തിയവരാണ് പിടിയിലായത്. മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. അനീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.


തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.




Previous Post Next Post