വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം നടന്നു



പത്തനംതിട്ട: കോഴഞ്ചേരിയില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ മധ്യസ്ഥ ഇടപെടലിലൂടെ നടന്നു. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് നാടകീയ സംഭവങ്ങളോടെ ഇവരുടെ വിവാഹം മുടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്ന വരൻ, അവധിയില്‍ വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. 

തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. വിവാഹവേഷത്തില്‍ തന്നെ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. എന്നാലിപ്പോള്‍ വരൻ പതിവായി മദ്യപിക്കുന്ന ആളല്ലെന്നും, മദ്യത്തിന് അടിമയല്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്.
Previous Post Next Post