ക്നാനായ യാക്കോബായ സഭ പിളർപ്പിലേക്ക്; പുതിയ സഭയുമായി മാർ സേവേറിയോസ് വിഭാഗം


കോട്ടയം : രാഷ്ട്രീയ പാർട്ടികളുടെ കുതികാൽ വെട്ടിൻ്റെ മാതൃകയിൽ കേരളത്തിലെ ക്നാനായ യാക്കോബായ സഭയും പിളർപ്പിലേക്ക്. ഇപ്പോഴത്തെ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിൻ്റെ നേതൃത്വത്തിൽ സ്വതന്ത്ര സഭയായി മാറാനാണ് തീരുമാനം. ഈ മാസം 21ന് യോഗം ചേർന്ന് ഇക്കാര്യം പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാൽ ഇത് മണത്തറിഞ്ഞ് കുര്യാക്കോസ് മാർ സേവേറിയോസിനെ തന്നെ സസ് പെൻഡ് ചെയ്ത് അന്ത്യോഖ്യാ പാത്രിയർക്കീസ് ​​ബാവയും കളത്തിൽ ഇറങ്ങി. ഇതോടെ 21 വരെ കാക്കാതെ ഇന്ന് തന്നെ സതന്ത്ര സഭയായി നിൽക്കുമെന്ന് സേവേറിയോസ് അനുകൂലികൾ പ്രഖ്യാപിക്കുകയായിരുന്നു.

സഭയിലെ വിമത നീക്കങ്ങൾക്കെതിരെ സഭയുടെ ആത്മീയ തലവനായ അന്ത്യോഖ്യാ പാത്രിയർക്കീസ് ​​ബാവ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്വതന്ത്ര സഭയാക്കാനുള്ള നീക്കം പൊളിക്കുന്നതിൻ്റെ ഭാഗമായി വള്ളംകുളം ഭദ്രാസന ബിഷപ്പ് ഗീവർഗീസ് മാർ ഗ്രിഗോറിയോസിനെ സമുദായ മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് ​​ബാവ നിയമിക്കാനും കഴിയും. ഓർത്തഡോക്‌സ് സഭയുമായി ചേർന്ന് പ്രവർത്തിക്കാൻ സമുദായ മെത്രാപ്പോലീത്തയായ കുര്യാക്കോസ് മാർ സേവേറിയോസ് നീക്കങ്ങൾ നടത്തിവരികയായിരുന്നു. ഈ സഭാ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നതിനിടയിലാണ് പാത്രിയർക്കീസ് ​​ബാവ അപ്രതീക്ഷ നീക്കത്തിലൂടെ സസ് പെൻഷൻ ഉത്തരവിറക്കിയത്.

അമേരിക്കയിൽ ക്നാനായ വിഭാഗത്തിൻ്റെ പള്ളികളിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന നടത്തി, ഓർത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്നാനായ യാക്കോബായ സമുദായാംഗങ്ങൾ സ്വീകരണം നൽകി തുടങ്ങിയ കാരണങ്ങളാണ് സസ് പെൻഷൻ കാരണമായി ഉത്തരവിൽ ചൂണ്ടിക്കാണിച്ചത്. ചൊവ്വാഴ്ച ചേരുന്ന ക്നാനായ അസോസിയേഷൻ യോഗത്തിൽ വെച്ച് അന്ത്യോഖ്യാ പാത്രിയാർക്കീസ് ​​ബാവയുടെ പരമാധികാരം എടുത്തു കളയാനും ഭരണഘടന ഭേദഗതി ചെയ്യാനുമാണ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവർ ഒരുങ്ങുന്നത്.


Previous Post Next Post