എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി




ന്യൂഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. എല്‍ടിടിഇ സംഘടന രാജ്യത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

എല്‍ടിടിഇയുടെ തുടര്‍ച്ചയായ അക്രമവും വിനാശകരമായ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എല്‍ടിടിഇ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

തമിഴ് ഈഴം എന്ന ലക്ഷ്യത്തോടെ ശ്രീലങ്കയില്‍ സായുധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍ടിടിഇയെ 1992 മെയ് 14 നാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം നിരോധിക്കുന്നത്. ഇന്ത്യന്‍ സുരക്ഷയ്ക്ക് കൂടി ഭീഷണിയാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടി വരികയായിരുന്നു.


Previous Post Next Post