കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ആഭരണം കവരുകയും ചെയ്ത കേസിൽ പ്രതിയായ കുടക് സ്വദേശി പി.എ. സലീമുമായി(35) പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമ്പോൾ നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് പ്രതിയുമായി എത്തുന്നത് അറിഞ്ഞ് വൻ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്.
ഇതിനിടെ പ്രതിക്ക് നേരെ ആക്രമണ ശ്രമവും ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് അന്വേഷണസംഘം പ്രതിയെ ഇവിടെനിന്ന് കൊണ്ടുപോയത്. പ്രതിയുടെ മുഖം മറച്ചു കൊണ്ടു വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. തുടക്കത്തിൽ ആളുകൾ കുറവായിരുന്നു. പ്രതിയെ കൊണ്ടു വന്നത് അറിഞ്ഞ് ജനക്കൂട്ടം തടിച്ചു കൂടി. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലർച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ആന്ധ്രയിലെ അഡോണിയിൽ വച്ചാണ് പ്രതി പിടിയിലായത്.
മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.