അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും ഫീസ് കുറച്ചിട്ടും ബൈജൂസിൽ അഡ്മിഷൻ എടുക്കാൻ ആളില്ല





അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും, പഠിതാക്കളെ കിട്ടാതെ എജ്യൂടെക് സ്ഥാപനമായ ബൈജൂസ്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഒരു കോഴ്‌സോ സബ്‌സ്‌ക്രിപ്ഷനോ പോലും വിൽക്കാൻ കഴിഞ്ഞിട്ടില്ല. ബൈജൂസിന്റെ വിവിധ പാക്കേജുകൾക്കുള്ള വില 30% വരെ കുറച്ചിട്ടും വിൽപന നടത്താനാകാത്തത് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കും . വരുമാനം വർധിപ്പിക്കുന്നതിനായി കോഴ്‌സ് ഫീസിൽ കമ്പനി വൻ വെട്ടിക്കുറവ് വരുത്തിയിരുന്നു. കോഴ്‌സ് ഫീസ് 30-40 ശതമാനം കുറയ്ക്കുകയും വിൽപ്പന ഇൻസെന്റീവ് 50-100 ശതമാനം വർധിപ്പിക്കുകയും ചെയ്ത് കൂടുതലായി വിദ്യാർത്ഥികളെ ആകർഷിക്കാനായിരുന്നു ബൈജൂസിന്റെ പദ്ധതി. ബൈജൂസ് ലേണിംഗ് ആപ്പിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് നികുതികൾ ഉൾപ്പെടെ 12,000 രൂപയാക്കി കുറച്ചിട്ടുണ്ട് . വാർഷിക ഫീസ് 24,000 രൂപയാണ്.
ജീവനക്കാരുടെ ശമ്പള വിതരണം ബൈജൂസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്നും ശമ്പളം പെട്ടെന്ന് വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടെന്നും നിരവധി ആളുകൾ ദിവസവും രാജിവെക്കുകയാണെന്നും ജീവനക്കാർ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേ സമയം സെയിൽസ് അസോസിയേറ്റ്‌സിന് മുഴുവൻ ഇൻസെന്റീവ് തുകയും വിൽപ്പനയുടെ അടുത്ത ദിവസം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കുമെന്നും മാനേജർമാർക്ക് അതിന്റെ 20 ശതമാനം കമ്പനിയിൽ നിന്ന് ലഭിക്കുമെന്നും ബൈജു രവീന്ദ്രൻ പ്രഖ്യാപിച്ചു. മാനേജർമാരുടെ മോശം പെരുമാറ്റം, നിർബന്ധിത വിൽപ്പന അല്ലെങ്കിൽ പരുഷമായ പെരുമാറ്റം എന്നിവയെക്കുറിച്ച് നേരിട്ട് അറിയിക്കാൻ ബൈജു ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഒരു മാസം മുമ്പ് പിരിച്ചുവിട്ട ചില ജീവനക്കാരെ കമ്പനി തിരികെ നിയമിക്കുന്നതായി റിപ്പോർട്ടുണ്ട്, എന്നാൽ അവർക്ക് നേരത്തെ ലഭിച്ച ശമ്പളത്തെ അപേക്ഷിച്ച് കുറഞ്ഞ ശമ്പള നിരക്കിലാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്
Previous Post Next Post