ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്…


തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് കേസ് എടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ വലിയതുറ പോലീസാണ് കേസെടുത്തത്.മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദിൻ്റെ പരാതിയിലാണ് വലിയതുറ പോലീസ് നടപടി എടുത്തത്. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് ഇന്നലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകിയത്.
ടെസ്റ്റ് മുടങ്ങിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി പോയി. 40 പേർ സ്ലോട്ട് ബുക്ക് ചെയ്തിരുന്നെങ്കിലും ഒരാൾപോലും എത്തിയിരുന്നില്ല. സമരക്കാരുടെ പ്രതിഷേധം ഭയന്നാണ് അപേക്ഷകർ എത്താത്തത് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ടെസ്റ്റിന് എത്തുന്നവരുടെ സുരക്ഷ ഒരുക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.
Previous Post Next Post