തിരുവനന്തപുരം മുട്ടത്തറിൽ ശക്തമായ പ്രതിഷേധമാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ ഉണ്ടായത്. ആരെയും ഡ്രൈവിംഗ് ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇക്കാര്യം ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് സമരക്കാർ പ്രതിഷേധിച്ചു.
എറണാകുളത്തും ഡ്രൈവിംഗ് സ്‌കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിച്ചു. ടെസ്റ്റ് പരിഷ്‌ക്കാരങ്ങൾക്കെതിരെ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങൾ ഈ മാസം ഒന്ന് മുതൽ നടപ്പിലാക്കാൻ ആയിരുന്നു ഗതാഗതവകുപ്പിന്റെ തീരുമാനം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവിംഗ് സ്‌കൂളുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് പരിഷ്‌കാരങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുന:രാരംഭിക്കാൻ തീരുമാനിച്ചത്.