വയനാട്: വീട് ചിതല്‍പ്പുറ്റുകൾ കയ്യേറിയതോടെ പെരുവഴിയിലായിരിക്കുകയാണ് ബിന്ദുവും മകളും. വയനാട് ചേകാടി കട്ടക്കണ്ടി കോളനി നിവാസിയാണ് ബിന്ദു.വർഷങ്ങൾക്ക് മുൻപാണ് ബിന്ദുവിന് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ കുറച്ച് വർഷം കഴിഞ്ഞ് വീട്ടിൽ ചിതല്‍പ്പുറ്റുകള്‍ ഉണ്ടാകാൻ തുടങ്ങി. ആദ്യമൊക്കെ സിമന്റ് തറയില്‍ വളരുന്ന പുറ്റ് തട്ടിക്കളയാറായിരുന്നു പതിവ്. എന്നാൽ അടുത്ത ദിവസം അതിലും വലുതുണ്ടാകും.പിന്നീട് വീട് മുഴുവന്‍ വലിയ ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞു.പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ചിതൽപുറ്റ് മാറിയില്ല. പിന്നീട് ഇത് വളർന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത നിലയിലേക്ക് എത്തുകയായിരുന്നു.ചിതല്‍പ്പുറ്റിന് ചുറ്റും മാളങ്ങളുമുണ്ട്…
ഇതോടെ കോളനിയില്‍ തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറി.എന്നാൽ വീട്ടിൽ വലിയ ചിതല്‍പ്പുറ്റുകള്‍ വന്നത് ദൈവിക സാന്നിധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് കോളനിക്കാര്‍. ഈ വിശ്വാസത്തിൽ കോളനിക്കാര്‍ വിശേഷ ദിവസങ്ങളില്‍ ബിന്ദുവിന്റെ വീട്ടിലെ ചിതല്‍പുറ്റുകള്‍ക്കു മുന്നില്‍ വിളക്ക് തെളിയിച്ച് പൂജ നടത്തിവരുന്നുണ്ട്.ഇതോടെ ബിന്ദുവും മകളും ഇപ്പോൾ പെരുവഴിയിലാണ്. ഇപ്പോള്‍ താമസിക്കുന്ന മാരയുടെ വീട് കാലപ്പഴക്കത്താല്‍ തകര്‍ച്ചയുടെ വക്കിലാണ്. പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ ഈ വീടിന്റെ മേല്‍ക്കൂര വാര്‍ത്തതാണെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കും. രണ്ട് മുറികള്‍ മാത്രമുള്ള ഈ കൊച്ചുവീട്ടില്‍ ഏട്ടോളം അംഗങ്ങളാണ് താമസിക്കുന്നത്. ബിന്ദുവിനും മകള്‍ക്കും താമസിക്കാൻ അധികൃതർ പുതിയവീട് നിർമിച്ച് നല്‍കണമെന്നാണ് കോളനിവാസികള്‍ ആവശ്യപ്പെടുന്നത്.