മുംബൈയിലെസർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം.സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത് .വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം ആരോപിച്ചു. മുംബൈയിലെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത് .ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂനാണ് മരിച്ചത്.
മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നെന്ന് ഭർതൃമാതാവ് പറഞ്ഞു.ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി മുടങ്ങി. പിന്നീട് ടോർച്ചിൻ്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ഇതിനിടെ കുട്ടി മരിച്ചു, ഞങ്ങൾ ബഹളം വെച്ചപ്പോൾ സിയോൺ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും സഹിദൂനും മരിച്ചുവെന്ന് കുടുംബം പറയുന്നു. സെൽഫോൺ ടോർച്ചിൻ്റെ സഹായത്തോടെ അതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.