ഭാര്യയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പൊലീസ് പിടികൂടി. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും പിടികൂടിയത്. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് ചെത്തിക്കാട്ട് സി പി ബാബു – അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ നടുറോഡിൽ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്.
പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി തൻ്റെ വാഹത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ അമ്പിളി മരിച്ചു. അതേസമയം, പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം അമ്പിളിയുടെ പണമടങ്ങിയ ബാഗുമായി രാജേഷ് വീട്ടിൽ പോയ ശേഷമാണ് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു.