ഹരിപ്പാട്: പട്ടാപ്പകൽ ആൾതാമസമുള്ള വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ .കരുവാറ്റ തെക്ക് കിഴക്കേടത്ത് വീട്ടിൽ ഗോപകുമാർ( 52) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.കരുവാറ്റ വടക്കേ പറമ്പിൽ അനിത സാമിന്റെ വീട്ടിൽ കയറി പ്രതി മേശപ്പുറത്ത് ഊരി വച്ചിരിക്കുകയായിരുന്ന സ്വർണാഭരണത്തിൽ നിന്ന് നാലു പവന്റെ സ്വർണ്ണമാല, രണ്ടര ഗ്രാം തൂക്കം വരുന്ന മിന്നും കുരിശും അതോടൊപ്പം ഉണ്ടായിരുന്ന മുക്ക് പണ്ടമായ വള എന്നിവ മോഷ്ടിച്ച് കടന്ന് കളഞ്ഞു .തുടർന്ന് വീട്ടുകാർ ഹരിപ്പാട് പൊലീസിനെ വിവരം അറിയിച്ചു .
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .പരാതി കിട്ടിയതോടെ പോലീസ് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെയും വീടിനു സമീപം ഉള്ളവരെയും പൊലീസ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഉപയോഗിക്കാതെ മദ്യപിച്ച് കറങ്ങി നടക്കുന്ന ഗോപകുമാറിനെ പറ്റി കൂടുതൽ അന്വേഷണം നടത്തുകയുമായിരുന്നു.തുടർന്ന് ഇയാൾ ഒരു ഫൈനാൻസ് സ്ഥാപനത്തിൽ എത്തിയതായി വിവരം ലഭിച്ചു.
മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരൻ ആയതിനാൽ ബിവറേജിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിന് വേണ്ടി അനിതയുടെ വീട്ടിൽ കയറുന്നതിനായി സമീപത്തെ പാടത്ത് രാവിലെ മുതൽ ഒളിച്ചിരിക്കുകയും വീട്ടിലെ കുട്ടികൾ കളിക്കാൻ പോയ സമയത്തും വീട്ടുജോലിക്കാരി മീൻ വെട്ടുന്നതിന് വേണ്ടി പുറത്തിറങ്ങിയ സമയം നോക്കിയാണ് പ്രതി വീടിനുള്ളിൽ കയറിയതെന്നും പോലീസ് പറഞ്ഞു .