ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ ലോക്കല്‍ ലെവല്‍ മോനിറ്ററിങ് കമ്മിറ്റി അംഗങ്ങളും ! കോട്ടയത്ത് വിവിധ പഞ്ചായത്തുകളിൽ ഭൂമാഫിയയുടെ ബിനാമികളായി ഉദ്യോഗസ്ഥരുമെന്ന് ആക്ഷേപം വിജിലന്‍സ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളും മോനിറ്ററിംഗ് കമ്മറ്റിയിൽ എന്ന് റിപ്പോർട്ടുകൾ



തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും സ്വകാര്യ ഏജന്‍സികളും റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരം മാറ്റത്തിന് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വസ്തുവിന്‍റെ ഉടമകളെ കണ്ടെത്തി അവരുമായി ധാരണയിലേര്‍പ്പെട്ട ശേഷം ആര്‍ഡിഒ ഓഫീസുകളില്‍ വസ്തു തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കുന്നു. ഇത്തരം അപേക്ഷകളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇത്തരം ഏജന്‍സികള്‍ 10 മുതല്‍ 50 സെന്‍റ് വരെ ഭൂമി തരം മാറ്റുന്നതിന് അപേക്ഷകരില്‍ നിന്നു വന്‍തുക ഫീസായി ഈടാക്കുന്നുണ്ട്. ഓഫീസുകളില്‍ എത്തുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷി ഓഫീസിലെത്തുമ്പോള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും ലോക്കല്‍ ലെവല്‍ മോനിറ്ററിങ് കമ്മിറ്റി അംഗങ്ങളെയും ഇത്തരം സ്വകാര്യ വ്യക്തികളും സ്വകാര്യ ഏജന്‍സികളും സ്വാധീനിച്ച് അര്‍ഹതയില്ലാത്തതും നിയമവിരുദ്ധമായും ഭൂമി തരംമാറ്റം ചില സ്ഥലങ്ങളില്‍ തരപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും 2008ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കി ഇനം മാറ്റി നല്‍കുന്നതിനു ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളില്‍ സ്ഥല പരിശോധനയും വിജിലന്‍സ് നടത്തും.



Previous Post Next Post