താരിഫ് നിരക്കുകൾ ഉയർത്തി എയർടെല്ലും ജിയോയും. ഏറ്റവും കൂടുതൽ മൊബൈൽ ഉപഭോക്താക്കൾക്കുള്ള റിലയൻസ് ജിയോ 12.5 മുതൽ 25 ശതമാനം വരെ വർധനയാണ് വിവിധ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. എയർടെൽ 11 മുതൽ 21 ശതമാനം വരെ വർധനയാണ് വരുത്തിയിരിക്കുന്നത്.
ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജൂലൈ 3 മുതൽ ജിയോയുടെയും എയർടെല്ലിൻ്റെയും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന നിലപാടാണ് എയർടെൽ താരിഫ് ഉയർത്താൻ കാരണം. വോഡഫോൺ–ഐഡിയയും ഉടൻ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
എയർടെല്ലിൽ 28 ദിവസം പ്രതിദിനം 2.5ജിബി ഡേറ്റ ലഭിക്കാനായി ഇനി മുതൽ 209 രൂപ ചെലവാകും. മൂന്ന് ജിബിക്ക് 449 രൂപയും 1.5ജിബിക്ക് 249 രൂപയും, 1ജിബിക്ക് 299 രൂപയും നൽകേണ്ടിവരും. ജിയോയിൽ പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോയിൽ പ്രതിമാസം 2ജിബി ഡേറ്റ ലഭിക്കാനായി ഇനി മുതൽ 189 രൂപ ചെലവാകും. പ്രതിദിനം മൂന്ന് ജിബിക്ക് 449 രൂപ, 2 ജിബിക്ക് 349, 2.5 ജിബിക്ക് 399, 1.5ജിബിക്ക് 299 രൂപ, ജിബിക്ക് 249 രൂപ എന്നിങ്ങനെയാണ് ജിയോയുടെ പുതുക്കിയ നിരക്കുകൾ.