വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടിയ കഴക്കൂട്ടം സബ് ട്രഷറി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍





തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

മരിച്ചവരുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. കഴക്കൂട്ടം സബ് ട്രഷറിക്കെതിരെ സമാന രീതിയലുള്ള പരാതികള്‍ ആവര്‍ത്തിക്കുന്നതായി അധികൃതര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി.

പെന്‍ഷന്‍കാരിയുടെ ട്രഷറി അക്കൗണ്ടില്‍ നിന്ന് ചെക്ക് ഉപയോഗിച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന മറ്റൊരു പരാതിയില്‍ ട്രഷറി ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ജില്ലാ ട്രഷറി ഓഫീസറുടെ നേതൃത്വത്തിലാണ് ഈ സംഭവത്തില്‍ ബുധനാഴ്ച അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നാണ് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

 മകള്‍ക്ക് ഒപ്പം ഓസ്ട്രേലിയയില്‍ പോയിരുന്നതിനാല്‍ 2023 മുതല്‍ പണം എടുക്കാന്‍ മോഹനകുമാരി ട്രഷറിയില്‍ പോയിരുന്നില്ല. മടങ്ങി നാട്ടിലെത്തിയപ്പോള്‍ ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുമ്പോഴാണ് ഈ മാസം മൂന്നാം തീയതി രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിന്‍വലിച്ചിരിക്കുന്നതായി കണ്ടത്.
Previous Post Next Post