ദുബായ് : വിനോദസഞ്ചാരികൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർക്കായി വിവിധ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുള്ള പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്. യാത്രയ്ക്കും ഷോപ്പിങ്ങിനും ഒരുപോലെ ഉപയോഗിക്കാവുന്ന നോൽ കാർഡിൻ്റെ പുതിയ പതിപ്പാണിത്.
ദുബായിൽ ബസും മെട്രോയും തിരഞ്ഞെടുത്ത പൊതുഗതാഗത സംവിധാനങ്ങളിലെ സുഗമമാക്കാൻ പുറത്തിറക്കിയ നോൾ കാർഡ് വഴി ഇനി ഉൽപന്നങ്ങളും വാങ്ങാം. നോൽ ട്രാവൽ കാർഡെന്ന പേരിൽ നോൽ കാർഡിൻ്റെ പുതിയ പതിപ്പ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കി. എടിഎം കാർഡുപോലെ മോളുകളിലും പെട്രോൾ പമ്പുകളിലുമെല്ലാം ഇത് ഉപയോഗിക്കാം.
സൂം സ്റ്റോറുകൾ, റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, തുടങ്ങി 65 ഓട്ട് ലറ്റുകളിൽ 50 ബ്രാൻഡുകൾക്കാണ് കിഴിവ് ലഭിക്കുക. അഞ്ചു വർഷം വരെ കാലാവധിയുള്ള ട്രാവൽ കാർഡിൻ്റെ വില 200 ദിർഹം. കാർഡ് ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50% വരെ കിഴിവ് ലഭിക്കും. ഇങ്ങനെ പരമാവധി 70,000 ദിർഹം വരെ അഞ്ചു വർഷത്തിനുള്ളിൽ ഡിസ്‌കൗണ്ട് ലഭിക്കും. വർഷാവസാനം കാർഡ് പുതുക്കാൻ 150 ദിർഹം നൽകണം.