കളമശേരി: ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഏലൂർ പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി മുത്തുക്കുട്ടി വീട്ടിൽ സൽമാൻ ഫാരിസ് (29), ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി കാഞ്ഞിർനെല്ലികുന്നത്ത് വീട്ടിൽ ജെസ് വിൻ (18), ഇടുക്കി കുമളി സ്വദേശി കുഞ്ഞൻതൊടി വീട്ടിൽ അഭിജിത്ത് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയുമായി ഇടപ്പള്ളി ലുലുമാളിൽ വച്ച് കഴിഞ്ഞ ദിവസം ജെസ്‌വിൻ, സൽമാൻ ഫാരിസ് എന്നിവരുമായി തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ജെസ്‌വിൻ, സൽമാൻ ഫാരിസ് എന്നിവർ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി ചെയ്തു. ഇതിനെതിരെ അക്ഷയ് എന്നയാൾ ജെസ് വിന്‍റെ പേഴ്സണൽ ഇൻസ്റ്റഗ്രാമിലേക്ക് ഒരു അശ്ലീല മെസ്സേജ് അയച്ചിരുന്നു. ജെസ്‌വിൻ ഇതിനെതിരെ ഏലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെ ജെസ്‌വിന്‍റെ സുഹൃത്തായ സൽമാൻ ഫാരിസ് അക്ഷയുടെ ബന്ധുക്കളെ വിളിച്ചു 20 ലക്ഷം രൂപ തന്നില്ലങ്കിൽ അക്ഷയിനെ കേസിൽ പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും പിന്നീട് തുക 5 ലക്ഷമായി കുറക്കുകയും ചെയ്തു. ഭീഷണിയെത്തുടർന്ന് അക്ഷയുiടെ സഹോദരി സ്വർണം വിറ്റ് 2 ലക്ഷം രൂപ ഇവരുടെ സുഹൃത്തായ അഭിഷേകിന്‍റെ അക്കൗണ്ടിലേക്ക് അയച്ചു .
ബാക്കി 3 ലക്ഷം രൂപ കൂടി ഉടൻ തരണമെന്നും അല്ലെങ്കിൽ അക്ഷയെ കേസ്സിൽ പ്രതിയാക്കുമെന്നും സംഘം വീണ്ടും ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ അക്ഷയുടെ ബന്ധുക്കൾ ഏലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇൻസ്പെക്ടർ ഷാജി എം.കെ, സബ്ബ് ഇൻസ്പെക്ടർ സിബി ടി ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു