'അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയം'; ടി20യില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്‌ലി



ബാര്‍ബഡോസ്: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി. അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയമാണിതെന്ന് കോഹ് ലി പ്രതികരിച്ചു. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം ലോകകീരിടത്തില്‍ മുത്തമിട്ടതിന് പിന്നാലെയാണ് പ്രതികരണം. കോഹ് ലിയെയാണ് കലാശപ്പോരാട്ടത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴാണ് ഒരു താരത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് ഫൈനലിലെ കോഹ് ലിയുടെ പ്രകടനം. ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ മോശം പ്രകടനമായിരുന്നു കോഹ് ലിയുടേത്. അതുവരെയുള്ള മത്സരങ്ങളില്‍ മറ്റു ബാറ്റര്‍മാര്‍ മികച്ച ഫോമിലുമായിരുന്നു. എന്നാല്‍ ഫൈനലില്‍ മറ്റു ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഒരു യഥാര്‍ഥ ഹീറോയെ പോലെ കോഹ് ലി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്.

ഫൈനല്‍ വരെ കാത്തു വച്ചതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വന്‍ തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ സ്‌കോറിനെ ക്ഷമയുടെ ആള്‍രൂപമായി നിന്നു കോഹ്ലി പിടിച്ചുയര്‍ത്തിയ കാഴ്ച മനോഹരമായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം കോഹ്ലി 76 റണ്‍സുമായി കൂടാരം കയറി.
Previous Post Next Post