തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധം. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യു എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതി സമീപിക്കാനാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ തീരുമാനം. അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുത്തില്ലെന്നും ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സി പി എം അനുകൂല സംഘടനയായ കെ എസ് ടി എയുടെ ആരോപണം. കെ എസ് ടി എ വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് എതിര്‍പ്പ് അറിയിച്ചു. പ്രവൃത്തി ദിനം കൂട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് പരിഗണിക്കാനിരിക്കേയാണ് അധ്യാപക സംഘടനകളോട് കൂടിയാലോചനകളില്ലാതെ കലണ്ടര്‍ പുറത്തിറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്