പതിനെട്ടാം ലോക്‌സഭയില്‍ 41 പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം, 64% അംഗങ്ങളും ദേശീയ പാര്‍ട്ടികളില്‍നിന്ന്





ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായതോടെ പതിനെട്ടാം ലോക്‌സഭയില്‍ അംഗങ്ങളായി എത്തുക 41 പാര്‍ട്ടികളുടെ പ്രതിനിധികള്‍. കഴിഞ്ഞ ലോക്‌സഭയില്‍ 36 പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യം ഉണ്ടായിരുന്നത്.

ആകെയുള്ള 543 സീറ്റില്‍ 346 എണ്ണവും ദേശീയ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ആകെ സീറ്റിന്റെ 64 ശതമാനവും ദേശീയ പാര്‍ട്ടികള്‍ നേടി. സംസ്ഥാന പാര്‍ട്ടികള്‍ക്ക് 179 സീറ്റാണ് ലഭിച്ചത്. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് 11 സീറ്റും സ്വതന്ത്രര്‍ക്ക് ഏഴു സീറ്റും കിട്ടി.

2009 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ 104 ശതമാനം വര്‍ധനയുണ്ടായെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ 751 രാഷ്ട്രീയ പാര്‍ട്ടികളാണ് ഭാഗഭാക്കായത്. 2019ല്‍ ഇത് 677 ആയിരുന്നു. 2014ല്‍ 464ഉം 2009ല്‍ 368ഉം പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികളായി 1333 പേരാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. സംസ്ഥാന പാര്‍ട്ടികളില്‍നിന്ന് 532 പേരും അംഗീകാരമില്ലാത്ത പാര്‍ട്ടികളില്‍നിനന് 2580 പേരും മത്സരിച്ചു. 3915 സ്വതന്ത്രരാണ് ഇക്കുറി മത്സര രംഗത്ത് ഉണ്ടായിരുന്നത്.
Previous Post Next Post