പണി തീർന്ന് അരമണിക്കൂർ ആയപ്പോഴേക്കും റോഡ് മലവെള്ളം കൊണ്ടുപോയി



കണ്ണൂർ : പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയി കഴിഞ്ഞ ദിവസം എടൂരിൽ നിർമ്മിച്ച സമാന്തര പാതയ്ക്കാണ് ഈ ഗതി വന്നത്.

കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയത്.വെമ്പുഴ പാലം പണിയിൽ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് നാളുകളായി. എടൂരിൽ നിന്ന് കരിക്കോട്ടക്കരിയിലേക്ക് വഴിയുമടഞ്ഞു. നിവർത്തിയില്ലാതെയാണ് നാട്ടുകാർ സമാന്തര പാത ആവശ്യപ്പെട്ടത്. ആദ്യമൊന്നു പണിതു. മണ്ണിട്ടുയർത്തിയായിരുന്നു നിർമാണം. വെമ്പുഴയുടെ ഒഴുക്കു തടസപ്പെട്ടതോടെ വെള്ളക്കെട്ട് ഉയർന്നു. വീണ്ടും മാറ്റിപ്പണിതു. 

പുതിയ നാല് പൈപ്പുകൾ സ്ഥാപിച്ചു. റോഡിന്റെ വീതിയും ഉയരവും കൂട്ടി. പണി കഴിഞ്ഞ് അര മണിക്കൂറിനുള്ളിലൊരു മഴ. മലവെള്ളപാച്ചിലിൽ പൈപ്പും പോയി റോഡും പോയി.
എടൂർ കരിക്കോട്ടക്കരിക്ക് പോകാനിപ്പോൾ വഴിയില്ല. മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തലിന്റെ ഭാഗമായാണ് വെമ്പുഴയിൽ നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു മാറ്റിയത്. ഉടൻ ബദൽ മാർഗം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post