സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപക നാശനഷ്ടം







കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വയനാട് കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന്‍റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു.
കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്‍റെ 17 ഷട്ടറുകളും ഉയർത്തി. കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്‍റെ മതിൽ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. തൊട്ടിൽപ്പാലത്ത് കനത്തമഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കോഴിക്കോട് ചക്കിട്ടപാറയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു
Previous Post Next Post