ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്



തിരുവനന്തപുരം: ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇന്ധനം അടിക്കാൻ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന. 

അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റിൽ നിന്നാണിപ്പോൾ പണമെടുക്കുന്നത്. കേസന്വേഷണത്തെ പോലും ബാധിക്കും വിധം സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വരുമാനം കൂട്ടാൻ വഴികൾ തേടുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളെയും കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയുമെല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ ഡിജിപി തന്നെയാണ് സർക്കാരിന് നൽകയത്. 

കോടതി നടപടിക്ക് ആവശ്യമില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നിയമപരമായി തടസ്സമില്ലെന്നിരിക്കെ കോടികൾ വരുമാനം വരുമെന്നാണ് ശുപാര്‍ശയിൽ പറയുന്നത്. 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന നിയമം കൂടിയായപ്പോൾ ആക്രിവണ്ടികളുടെ എണ്ണം പൊലീസിൽ പെരുകി. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്തപ്പോള്‍ 1000 വണ്ടികളാണ് ഇക്കൂട്ടത്തിൽ മാത്രമുള്ളത്. മൂല്യനിർണയം നടത്താൻ പൊലീസിലെ മോട്ടോർ ട്രാൻപോർട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 

മൂല്യം നിർണയിച്ചാൽ ലേലത്തിലേക്ക് കടക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അടുത്തിടെ വിജിലൻസ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ആക്രിവാഹനങ്ങൾക്ക് അത്ര മാര്‍ക്കറ്റില്ലാത്തത് കൊണ്ട് തന്നെ വണ്ടി വാങ്ങാൻ ആരും വന്നില്ല. ഓടിത്തളര്‍ന്നതും തുരുമ്പെടുത്തതുമായ പൊലീസ് വാഹനങ്ങൾ വിൽക്കാൻ വയ്ക്കുമ്പോൾ ഇനി എന്താകുമെന്ന് കണ്ടറിയണം. 
Previous Post Next Post