പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി വി മുരളീധരന്റെ വിയോഗമാണ് നൊമ്പരമാകുന്നത്. ജോലി ഉപേക്ഷിച്ച് ആറ് മാസം മുൻപാണ് അദ്ദേഹം നാട്ടിലെത്തിയത്. ഇനി പോകുന്നില്ല എന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്ന് അദ്ദേഹത്തെ തേടി പതിവു പോലെ വിളിയെത്തി.
ആറുമാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി ഉടമ വിളിച്ചത്. അധികം വൈകാതെ വീസയുമെത്തി. ആ വിളിയോട് മുഖം തിരിക്കാനാവാത്തതിനാൽ മുരളീധരൻ ഫെബ്രുവരിയിൽ കുവൈത്തിലേക്ക് മടങ്ങി. എന്തുവന്നാലും നവംബറിൽ മടങ്ങിപ്പോരും എന്ന തീരുമാനത്തിലായിരുന്നു. ആറ് മാസം ആയില്ല അതിനു മുന്നേ മുരളീധരൻ മടങ്ങിയെത്തുകയാണ്, ജീവനറ്റ്. കോവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.