ഇനി 'കോളനി' വേണ്ട, ആ പദം അടിമത്തത്തിൻ്റേത്;രാജിക്ക് മുമ്പ് കെ രാധാകൃഷ്ണൻ്റെ സുപ്രധാന തീരുമാനം



തിരുവനന്തപുരം: മന്ത്രിപദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണൻ. കോളനി എന്ന പേര് ഒഴിവാക്കും. നിലവിൽ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊർ, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്.

രാജിവയ്ക്കുന്നത് പൂർണ തൃപ്തനാണ്. പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു കെ രാധാകൃഷ്ണൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രി, പദവികൾ രാജിവെക്കും.

കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിൻറേതാണ്. അത് മേലാളന്മാർ ഉണ്ടാക്കിയതാണ്. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവർക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരിൽ വേണ്ടെന്നാണ് കരുതുന്നത്', എന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
Previous Post Next Post