കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി.
ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള പത്ത് നഗരങ്ങളാണ് യുനസ്കോ പട്ടികയിൽ പുതുതായി പേരെഴുതി ചേർത്തത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരം കോഴിക്കോടാണ്. മന്ത്രി എം ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് എംടി അറിയിച്ചതെന്ന് സംഘാടകർ അറിയിച്ചു. എം.ടി പങ്കെടുക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി ചടങ്ങിൽ പങ്കെടുക്കാത്തത് എന്ന് യുഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു. കോർപറേഷന്റെ വജ്ര ജൂബിലി പുരസ്ക്കാരം എം ടി യുടെ വീട്ടിലെത്തി മന്ത്രിയും സംഘാടകരും പിന്നീട് സമ്മാനിച്ചു.
2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്