പാമ്പാടി പഞ്ചായത്തിനു പണം, ജനത്തിന് ആശ്വാസം പക്ഷേ ചെയ്യില്ലെന്ന് നാട്ടുകാർ !


 പാമ്പാടി-പഞ്ചായത്തിനു പണം, ജനത്തിന് ആശ്വാസം -പക്ഷേ ചെയ്യില്ല: പാമ്പാടി- ഗ്രാമപഞ്ചായത്ത് പരിധിയിലെ വെള്ളപ്പൊക്കത്തിന് പ്രധാനകാരണം തോട്ടിൽ പണ്ട് ഉണ്ടായിരുന്ന ആഴമേറിയ കുഴികളിൽ വെള്ളം ശേഖരിക്കപ്പെടാൻ  പറ്റാത്ത വിധം  മണൽ വന്നു നിറഞ്ഞതാണ് എന്ന് നാട്ടുകാർ. രണ്ടാൾ വെള്ളമുണ്ടായിരുന്ന കയങ്ങൾ വരെ മണൽ വന്നു നിറഞ്ഞ് മുട്ടിനു താഴെ  വെള്ളമുള്ളവയായി മാറി. എം. സാൻഡിനേക്കാൾ മൂന്നിരട്ടിയിൽ അധികം ഗുണമുള്ള തോട്ടു മണൽ വാരി  നാട്ടുകാർ പണ്ട് കെട്ടിടം പണിതിരുന്നു. ചെറിയ മെറ്റലുകളെക്കാൾ കാലപ്പഴക്കം നിൽക്കുന്നതും ചൂട് കുറവുള്ളതുമായ ചരൽ മുറ്റത്ത് വിരിക്കാൻ ഉപയോഗിച്ചിരുന്നു. വാരി വിറ്റിരുന്ന കുറെ പേർക്ക് പണിയും പണവും, കടവുകളുടെ സമീപത്തുള്ള കടക്കാർക്ക് കച്ചവടം, പിക്കപ്പുകാർക്കും, ടിപ്പർകാർക്കും ഓട്ടം ഇങ്ങനെ പലവിധ ഗുണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത് സാധ്യമല്ല. ഗ്രാമപഞ്ചായത്ത് കടവുകൾ ലേലം വിളിച്ച്  മണൽ വാരി മാറ്റാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സൗത്ത് പാമ്പാടി പ്രദേശത്തെ പ്ലാത്തോട്ടം, ഇടവളഞ്ഞി, വത്തിക്കാൻ, മുത്തോലി, മൂരിപ്പാറ, മോസ്കോ തടയണകൾ മണൽ വന്ന് നിറഞ്ഞ് കിടക്കുന്നതിനാൽ പറ്റാവുന്ന ജലസംഭരണ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇതുമൂലം സമീപവാസികളുടെ കിണറുകൾക്കും തടയണകൾ കൊണ്ട് ലഭിച്ചിരുന്ന ഗുണം കിട്ടാതെ പോകുന്നു. ലേലത്തിൽ കൂടി പഞ്ചായത്തിന്‌ ലഭിക്കാവുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്നതോടൊപ്പം,ഒറ്റ വലിയ മഴക്ക് തോടുകളോട് ചേർന്നുള്ള വീടുകളിലും കൃഷിയിടങ്ങളിലും വഴികളിലും വെള്ളം കയറുന്ന അവസ്ഥയാണ്. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജൂ കെ ഐസക്ക്‌ ആവശ്യപ്പെട്ടു.






 
Previous Post Next Post