ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്ത് കാലാവസ്ഥയിൽ നേരിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.