കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ മലയാളിയുടെ പിക് അപ് വാഹനം ഇടിച്ചു തെറിപ്പിച്ച് കല്ലട ബസ്.
ഡ്രൈവര്‍ അടക്കം പിക് അപ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു.
ഗുണ്ടല്‍പേട്ട് ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്.
ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്നും മെറ്റീരിയലുമായി മൈസൂരുവിലേക്ക് പോയ വാഹനം തിരികെ വരുമ്പോഴാണ് അപകടമെന്ന് സ്ഥാപന ഉടമ ജോള്‍സ് പ്രതികരിച്ചു.
ചെക്ക്‌പോസ്റ്റില്‍ കാത്തുനില്‍ക്കവെ അപകടകരമായി ഓടിച്ചെത്തിയ കല്ലട ബസ് ശക്തമായി പിക്ക് അപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജോള്‍സ് ആരോപിച്ചു.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കല്ലട ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
നിലവില്‍ രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്.
മാടവനയിലെ അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കല്ലട ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
കല്ലട ബസിന്റെ സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും ടയറുകളില്‍ തേയ്മാനവും എംവിഡി കണ്ടെത്തിയിരുന്നു.
മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ജൂണ്‍ 23ന് രാവിലെ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
കല്ലട ബസിന്റെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ കർശന നടപടിക്കും പരിശോധനക്കും ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിൽ ഇന്ന് മുതൽ പരിശോധന കർശനമാക്കും.
ഗുരുതര നിയമലംഘനങ്ങളുള്ള ബസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത് നാഗാലാൻഡിലും അരുണാചൽപ്രദേശിലാണെന്നും കണ്ടെത്തി.
ഇത്തരം ബസുകൾക്ക് ഇനിമുതൽ അനുമതി നൽകരുതെന്ന് ഇരു സംസ്ഥാനങ്ങളോടും കേരളം ആവശ്യപ്പെടും.
കൂടുതൽ ആളുകളെ കയറ്റാൻ ചേസ് മുറിച്ചുമാറ്റിയും രണ്ട് മീറ്ററിലേറെ നീളം വർധിപ്പിച്ചുമാണ് ഇത്തരം ബസുകൾ സർവീസ് നടത്തുന്നത്. അമിതവേഗത്തിനായി വേഗപ്പൂട്ടുകൾ വിച്ചേദിക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണം.
നിയമലംഘിച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിർദേശം.