കാസർകോട് : ഓവുചാലിൽ വീണ് പരിക്കുകളോടെ അവശനിലയിൽ വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു.
കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. അവശനിലയിലായ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് എച്ച്.എൻ. കാംദേവ് (71) ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് വഴുതിവീണത്. റോഡരികിലെ ഓവുചാലിൽനിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ് വീണത്. ഈ ചാലിന്റെ തുടക്കത്തിൽ മാത്രമാണ് സ്ലാബ് ഉള്ളത്.
ഒരാൾ താഴ്ചയുള്ള ചാലിൽ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവർ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാൽ കാറിൽ വീട്ടിലേക്കു കൊണ്ടുപോയി. ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയാ യിരുന്നു. അതേ കാറിൽ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരിച്ചു.