കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ എവിടെയൊക്കെ, ഫീസ് എത്ര ?വിശദമായി അറിയാം









തിരുവനന്തപുരം: മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്.

കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി, ലൈറ്റ് വാഹനങ്ങൾക്കുള്ള ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്.
കാറും ഇരുചക്ര വാഹനവും ഒന്നിച്ചാണെങ്കിൽ 11,000 രൂപ. പട്ടികജാതി- വർഗ വിഭാഗക്കാർക്ക് ഫീസിൽ ഇളവു നൽകാനും ഈ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സൗജന്യമായി പരിശീലനം നൽകാനും പദ്ധതിയുണ്ട്.
പ്രതിവർഷം എട്ട് ലക്ഷത്തോളം വാഹനങ്ങളാണ് പുതിയതായി നമ്മുടെ നിരത്തിലിറങ്ങുന്നത്. പൊതുനിരത്തുകളിലെ വാഹന ബാഹുല്യവും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങുമാണ് റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം. റോഡപകടങ്ങളിൽ ഏറിയ പങ്കും ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ചടക്കത്തോടെയും പരസ്പര ബഹുമാനത്തോടെയും വാഹനമോടിക്കുക എന്നത് പ്രധാനമാണ്. അത്ര തന്നെ പ്രധാനമാണ് നമ്മുടെ റോഡിന്‍റെ പരിതസ്ഥിതികൾക്ക് അനുസൃതമായി സുരക്ഷയോടെ വാഹനം ഓടിക്കുക എന്നതും. ഇത് പഠിപ്പിക്കാൻ കഴിയുന്നത് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്കാണ്. എന്നാൽ പലപ്പോഴും അവിടങ്ങളിൽ ഇതുണ്ടാകുന്നില്ല - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. പാറശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങിലാണ് ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു
Previous Post Next Post