കൊച്ചി: കൊച്ചിയിൽ പിടിയിലായത് രാജ്യത്തെ റെയിൽമോഷണ സംഘത്തിലെ പ്രമുഖരായ കണ്ണികളെന്ന് സൂചന. ട്രെയിനുകൾ വേഗത കുറച്ച് പോകുമ്പോൾ പാളത്തിനരികെ നിന്ന് ഫോണുകളും സ്വർണ്ണാഭരണങ്ങളും പിടിച്ചു പറിക്കുന്ന സംഘത്തിലെ നാലു പേരെയാണ് റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എറണാകുളത്ത് പിടികൂടിയത്.
ബംഗാൾ സ്വദേശികളായ മിസ്താർ(18), അബു തലീം(25), ലാൽ ബാബു(19), പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരൻ എന്നിവരെയാണ് പിടികൂടിയത്. കമ്മട്ടപാടത്തിന് സമീപം ടാറ്റാ നഗർ എക്സ്പ്രസ് മാർഷലിങ് യാർഡിൽ നിന്നും സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു വരുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഫോൺ തട്ടിപ്പറിച്ചു എന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ പിടിയിലാകുമ്പോൾ മോഷണം നടത്തിയ ഐഫോൺ അടക്കം ഏകദേശം 1,88,000 രൂപയുടെ മൊബൈൾ ഫോണുകളും പിടിച്ചെടുത്തു.
റെയിൽവേ പാളത്തിന് സമീപമുള്ള ഇരുനൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തട്ടിയെടുക്കുന്ന ഫോണുകൾ എറണാകുളത്തും പെരുമ്പാവൂരിലും വിൽപ്പന നടത്തും. വിൽപ്പന നടത്തി കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു