വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മിതമായതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴയ്ക്കാണ് സാധ്യത.