സർക്കാർ രൂപീകരണത്തിന് എൻഡിഎ സഖ്യകക്ഷികൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നു







ദില്ലി: സർക്കാർ രൂപീകരണത്തിന് എൻഡിഎ സഖ്യകക്ഷികൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നു. സഖ്യകക്ഷികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച തുടങ്ങി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി. അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്. ജനവിധി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി. എത്രയും വേഗം സർക്കാർ രൂപീകരിക്കണം എന്നാണ് നിതീഷ് കുമാർ നിർദ്ദേശിച്ചത്.

മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. നാല് മന്ത്രിമാർ വേണമെന്നാണ് ജെഡിയു നിർദ്ദേശിച്ചത്. റെയിൽവേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്കിയ പട്ടികയിൽ ഉണ്ട്. ആറു മന്ത്രിമാരെ നല്കണം എന്ന നിർദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു.

എൻഡിഎയിൽ ഉറച്ചു നില്ക്കുകയാണെന്നും ഇന്ത്യ സഖ്യവുമായി ഒരു ചർച്ചയുമില്ലെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യം എന്തു കരുതിയാലും ഞങ്ങൾ എൻഡിഎയുടെ കൂടെ ഉറച്ചു നില്‍ക്കുകയാണെന്നാണ് ടിഡിപി വക്താവ് പ്രേംകുമാര്‍ ജയിൻ പറഞ്ഞു. ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, അനുപ്രിയ പട്ടേൽ, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്നാഥ് ഷിൻഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ എന്ന ചർച്ചകൾ സജീവമാണ്. രാജ്നാഥ് സിംഗ് ഈ മന്ത്രാലയത്തിൽ വരുന്നതിനോടാണ് ചില സഖ്യകക്ഷികൾക്ക് താല്പര്യം.ജൂൺ 9ന് പ്രധാനമന്ത്രി ചില മന്ത്രിമാരും ചുമതലയേല്ക്കും. കുടുതൽ മന്തിമാരുടെ സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസങ്ങളിൽ നടത്തുന്നതും ആലോചനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി. അ​ഗ്നിവീർ പദ്ധതിയിൽ പുനരാലോചന വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡ് സങ്കീർണമായ വിഷയമാണെന്നും മുന്നണിയിൽ വിശദമായ ചർച്ച നടക്കുമെന്നും കെ സി ത്യാ​ഗി പറഞ്ഞു.

നിർദേശങ്ങൾ ഒന്നും എൻഡിഎ യോ​ഗത്തിൽ മുന്നോട്ട് വച്ചിട്ടില്ലെന്നും നിരുപാധിക പിന്തുണയാണ് നൽകുന്നതെന്നും നിതീഷ് കുമാറിന്‍റെ ദില്ലിയിലെ വീട്ടിൽ ചേർന്ന യോ​ഗത്തിന് ശേഷം ത്യാ​ഗി പറഞ്ഞു.ഇതിനിടെ, ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ടിഡിപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തീയതിയും മാറ്റി. ജൂണ്‍ 12നായിരിക്കും ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. നേരത്തെ ജൂണ്‍ എട്ടിനായിരുന്നു സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് എട്ടിന് നടക്കുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ദിവസം ആന്ധ്രയില്‍ നേതാക്കള്‍ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീയതി മാറ്റിയത്. ജൂണ്‍ 12ന് അമരാവതിയിലായിരിക്കും സത്യപ്രതിജ്ഞ.
Previous Post Next Post